ചൊക്‌ളി> കൊടുംവരൾച്ചയിൽ കുടിവെള്ളത്തിന് വലയുന്നവർക്ക് ദാഹജലവുമായി സാന്ത്വനപ്രസ്ഥാനമായ ഐആർപിസിയുടെ വളണ്ടിയർമാർ എത്തുന്നു. രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ ശുദ്ധജലം വിതരണം ചെയ്യുന്ന ഐആർപിസിയുടെ കാരുണ്യ പ്രവർത്തനത്തിന് കണ്ണൂർ ജില്ലയിൽ തുടക്കമായി. രോഗികളെ പരിചരിച്ചും ശബരിമല തീർഥാടകരെ ശുശ്രൂഷിച്ചും ജനഹൃദയങ്ങളിൽ ഇടംനേടിയ സാന്ത്വനപരിചരണ പ്രസ്ഥാനം പുതിയദൌത്യമാണ് ഇതിലൂടെ ഏറ്റെടുക്കുന്നത്. 

കണ്ണൂർ ജില്ലാ ഉദ്ഘാടനം ചൊക്‌ളി ഒളവിലം കീരങ്കോട്ട് മുക്കിൽ ഐആർപിസി ഉപദേശക സമിതി ചെയർമാർ പി ജയരാജൻ കൊഞ്ഞന്റവിടെ അജിതയ്ക്ക് കുടിവെള്ളം വിതരണംചെയ്ത് നിർവഹിച്ചു. വരൾച്ച നേരിടാൻ സർക്കാർ നടപ്പാക്കുന്ന എല്ലാ പ്രവർത്തനത്തിനൊപ്പവും ഐആർപിസിയുമുണ്ടാകുമെന്ന് പി ജയരാജൻ പറഞ്ഞു. കുടിവെള്ളമില്ലാതെ ബുദ്ധിമുട്ടുന്നവർ അതത് പ്രദേശങ്ങളിലെ ഐആർപിസി വളണ്ടിയർമാരുമായി ബന്ധപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ചൊക്‌ളി പഞ്ചായത്ത് പ്രസിഡന്റ് വി കെ രാഗേഷ് അധ്യക്ഷനായി. ഐആർപിസി പാനൂർ സോണൽ കമ്മിറ്റി ചെയർമാൻ എ പി നന്ദനൻ, കൺവീനർ എ പ്രദീപൻ, രഗ്‌നേഷ് കവിയൂർ,വി കെ ഭാസ്‌കരൻ എന്നിവർ സംസാരിച്ചു. വി പി ഷിനോജ് സ്വാഗതവും അജിത ചേപ്രത്ത് നന്ദിയും പറഞ്ഞു. ഡിവൈഎഫ്‌ഐ ചൊക്‌ളി സൌത്ത് മേഖലാകമ്മിറ്റിയുടെ സഹകരണത്തോടെയാണ് ഒളവിലം പ്രദേശത്തെ അറുപതോളം വീടുകളിൽ കുടിവെള്ളമെത്തിക്കാൻ ഐആർപിസി ലോക്കൽ ഗ്രൂപ്പ് തുടക്കം കുറിച്ചത്. ചൊക്‌ളി കാഞ്ഞരത്തിൻകീഴിലെ സി കെ ബാവൂട്ടിയുടെ ടിപ്പർ ലോറിയിൽ വലിയ ടാങ്കുകളിലായി ശുദ്ധജലം ശേഖരിച്ചാണ് ഇവിടുത്തെ വിതരണം.