ജില്ലയെ സമ്പൂർണ്ണ പാലിയേറ്റീവ് സൗഹൃദ ജില്ലയാക്കാൻ ഐആർപിസി വാർഷിക ജനറൽബോഡി തീരുമാനിച്ചു.  ആവശ്യമായ മുഴുവൻ വീടുകളിലും പരിചരണം നൽകും.  ഡോക്‌ടേഴ്‌സ് ഹോം കെയറും നഴ്‌സസ് ഹോംകെയറും വിപുലപ്പെടുത്തും. ലഹരിക്കെതിരെ ബോധവൽക്കരണ കാമ്പയിൻ 207 കേന്ദ്രങ്ങളിൽ നടത്തും.  ഡിഅഡിക്ഷൻ സെന്റർ ആരംഭിക്കും.  കുടിവെള്ള വിതരണ മേഖലയിൽ ആവശ്യമായ പ്രവർത്തനം നടത്തും.

ആഗസ്ത് 19, ജനുവരി 15 ദിവസങ്ങളിൽ ഹോംകെയർ കാമ്പയിൻ നടത്തും.  ശിശുസൗഹൃദ പാലിയേറ്റീവ് കെയർ നടപ്പാക്കാൻ വളണ്ടിയർമാർക്ക്  പ്രത്യേക പരിശീലനം നൽകും. ഫിസിയോതെറാപ്പി സേവനം വിപുലപ്പെടുത്തും. ക്യാൻസർ ഫോളോ അപ്പ് ക്യാമ്പ് വിപുലപ്പെടുത്താനും പട്ടികവർഗമേഖലകളിൽ പ്രത്യേക മെഡിക്കൽ ക്യാമ്പും നിരീക്ഷണസേനയ്ക്കും രൂപം നൽകും.  'ഉണർവ്വ്' പരിപാടി വിപുലീകരിക്കും.  തീരദേശമേഖലകളിൽ വയോജന സംഗമവും മെഡിക്കൽ ക്യാമ്പും സംഘടിപ്പിക്കും.

ഐആർപിസി ഉപദേശകസമിതി ചെയർമാൻ പി. ജയരാജൻ ഉദ്ഘാടനം ചെയ്തു.  എം. പ്രകാശൻ മുഖ്യപ്രഭാഷണം നടത്തി.  പി.എം. സാജിദ് അദ്ധ്യക്ഷനായി.  കെ.വി. മുഹമ്മദ് അഷ്‌റഫ് റിപ്പോർട്ട് അവതരിപ്പിച്ചു.  ഡോ. കെ.പി. ബാലകൃഷ്ണ പൊതുവാൾ,ഡോ. കെ. മായ, ഡോ. പി. അജിത്ത്, ഡോ. വത്സല, ഡോ. ലതീഷ് എന്നിവർ സംസാരിച്ചു.  കെ.ജി. വത്സലകുമാരി ഭാവിപരിപാടികൾ വിശദീകരിച്ചു.  കെ.വി. ഗോവിന്ദൻ സ്വാഗതവും എൻ.വി. പുരുഷോത്തമൻ നന്ദിയും പറഞ്ഞു.  ഡോ. രാജ്‌മോഹൻ ഐആർപിസിക്ക് സാമ്പത്തിക സഹായവും സിഎം സത്യൻ സാന്ത്വനകേന്ദ്രത്തിലേക്ക് മൈക്ക്‌സെറ്റും നൽകി.  ഭാരവാഹികൾ: പി.എം. സാജിദ് (ചെയർമാൻ), ഡോ. കെ.വി. ലതീഷ് (വൈസ് ചെയർമാൻ), മുഹമ്മദ് അഷ്‌റഫ് (സെക്രട്ടറി), കെ.വി. ഗോവിന്ദൻ (ജോ. സെക്രട്ടറി), സി.എം. സത്യൻ (ട്രഷറർ)