ഐആർപിസിക്ക് 25 ലക്ഷം രൂപ പൊതുനന്മ ഫണ്ടിൽ നിന്ന് അനുവദിക്കാൻ കെ.എസ്.എഫ്.ഇ.ക്ക് അനുമതി നൽകിയതായി ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു.  കണ്ണൂർ തയ്യിലെ സാന്ത്വനകേന്ദ്രം സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.  

സാന്ത്വനപരിചരണരംഗത്ത് സ്തുത്യർഹ സേവനമാണ് ഐആർപിസി നിർവ്വഹിക്കുന്നത്.  ഏഴായിരത്തോളം കിടപ്പ് രോഗികൾക്ക് വീടുകളിലെത്തി സാന്ത്വനപരിചരണം നൽകുന്നതിനുപുറമേ സാന്ത്വനകേന്ദ്രത്തിലും ചികിത്സ നൽകുന്നത് എല്ലാവർക്കും മാതൃകയാണ്.  ഇതേരീതിയിൽ ജനറൽ-ജില്ലാ ആശുപത്രിയോട് അനുബന്ധിച്ച് സർക്കാർ സാന്ത്വനവിഭാഗം ആരംഭിക്കണം.  ഇത് സാന്ത്വനപരിചരണ മേഖലയ്ക്ക് കരുത്തേകുമെന്നും അദ്ദേഹം പറഞ്ഞു.

അരയ്ക്കു താഴോട്ട് ചലനശേഷിയില്ലാത്തവർ നിർമിച്ച കുടകളും മന്ത്രി കണ്ടു.  ഉപദേശക സമിതി ചെയർമാൻ പി. ജയരാജൻ അദ്ധ്യക്ഷനായി.  എം. പ്രകാശൻ, പി.എം. സാജിദ്, ഡോ. ബാലകൃഷ്ണ പൊതുവാൾ, ഡോ. കെ. മായ, ഡോ. രാജീവ് നമ്പ്യാർ, കെ.വി. ഗോവിന്ദൻ എന്നിവർ സംസാരിച്ചു.  കെ.വി. മുഹമ്മദ് അഷറഫ് സ്വാഗതവും എൻ.വി. പുരുഷോത്തമൻ നന്ദിയും പറഞ്ഞു.