ജനകീയ സാന്ത്വന പരിചരണ പ്രസ്ഥാനമായ ഐആര്‍പിസി യുടെ നേതത്വത്തില്‍ പാലിയേറ്റീവ് ദിനത്തിന്‍റെ ഭാഗമായി കിടപ്പ് രോഗികളുള്ള വീടുകള്‍ സന്ദര്‍ശിച്ച് സാന്ത്വന പ്രവര്‍ത്തനങ്ങള്‍ നടത്തി.  ഐ ആര്‍ പി സി വളണ്ടിയര്‍മാരുടേയും സിപിഐ(എം) നേതാക്കളുടേയും നേതൃത്വത്തില്‍ കിടപ്പ് രോഗികളുള്ള പന്ത്രണ്ടായിരത്തിലധികം വീടുകള്‍ സന്ദര്‍ശിച്ചു.  ഉപദേശകസമിതി ചെയര്‍മാന്‍ പി ജയരാജന്‍ പാട്യം മേഖലയില്‍ ഗൃഹസന്ദര്‍ശന പരിപാടിയില്‍ പങ്കെടുത്തു.സംസ്ഥാന കമ്മറ്റി അംഗം എ എന്‍ ഷംസീര്‍ തലശേരിയിലും ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ എന്‍ ചന്ദ്രന്‍ മാവിലായി ഈസ്റ്റിലും ടി ഐ മധുസൂദനന്‍ പയ്യന്നൂര്‍ സൗത്തിലും ടി കെ ഗോവിന്ദന്‍ മലപ്പട്ടത്തും പി വി ഗോപിനാഥ് വളക്കൈയിലും പി പുരുഷോത്തമന്‍ പഴശി കാരയിലും ഗൃഹസന്ദര്‍ശനത്തിന് നേതൃത്വം നല്‍കി.
 
 
കിടപ്പ് രോഗികള്‍ക്കാവശ്യമായ വീല്‍ ചെയറുകള്‍,വാട്ടര്‍ ബെഡ്ഡുകള്‍ തുടങ്ങിയ ഉപകരണങ്ങളും മറ്റും കൈമാറുകയും ചെയ്തു. നേരത്തേ ഐ ആര്‍ പി സി നടത്തിയ സര്‍വേയിലൂടെ ജില്ലയില്‍ 12361 പേര്‍ക്കാണ് സാന്ത്വന പരിചരണം ആവശ്യമുള്ളതായി കണ്ടെത്തിായിരുന്നു.ഇതില്‍ 6970 പേര്‍ സ്ത്രീകളാണ്.18.25 ശതമാനം പേര്‍ ക്യാന്‍സര്‍ ബാധിതരാണ്.കിഡ്നി സംബന്ധമായ അസുഖം ബാധിച്ചവര്‍ 4.73 ശതമാനം പേരാണ്.10.05 ശതമാനം പേര്‍ ഭിന്നശേഷിക്കാരാണ്.കിടപ്പിലായവരില്‍ 56.38 ശതമാനം പേര്‍ സ്ത്രീകളാണെന്നും സര്‍വ്വേയിലൂടെ കണ്ടെത്തിയിരുന്നു.സര്‍വ്വേ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ വ്യത്യസ്തങ്ങളായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൂടി ഏറ്റെടുക്കാന്‍ ഐ ആര്‍ പി സി തീരുമാനിച്ചിട്ടുണ്ട്.