ലോകത്തില്‍ നിലവിലുള്ള ഏറ്റവും ഉയര്‍ന്ന മനുഷ്യസ്നേഹസിദ്ധാന്തമാണ്‌ കമ്മ്യൂണിസം. അതുകൊണ്ട്‌ തന്നെ ജനങ്ങള്‍ക്ക്‌ എവിടെയെല്ലാം സേവനം ആവശ്യമുണ്ടോ അവിടെയെല്ലാം അത്‌ നല്‍കാന്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക്‌ ബാധ്യതയുണ്ട്‌.

രണ്ടാം ലോകമഹായുദ്ധത്തെ തുടര്‍ന്ന്‌ പടര്‍ന്നു പിടിച്ച കോളറ, ടൈഫോയിഡ്‌ തുടങ്ങിയ പകര്‍ച്ചവ്യാധികളെ നേരിടാനായി കമ്മ്യൂണിസ്റ്റുകാര്‍ സ്ത്രീകളടക്കമുള്ള വളണ്ടിയര്‍മാര്‍ക്ക്‌ പരിശീലനം നല്‍കി ആതുരശുശ്രൂഷാരംഗത്ത്‌ പ്രവര്‍ത്തിച്ചതായി ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്‌. വിഷപനി ബാധിച്ച്‌ മരിച്ചുകൊണ്ടിരിക്കുന്ന സമയത്തും കുഷ്ഠരോഗം ബാധിച്ച്‌ സമൂഹം ഭ്രഷ്ട്‌ കല്‍പിച്ച കാലത്തും സഹായ ഹസ്തവുമായി കമ്മ്യൂണിസ്റ്റുകാര്‍ വീടുകളില്‍ ചെന്ന്‌ പരിചരണത്തിന്‌ നേതൃത്വം നല്‍കിയിട്ടുണ്ട്‌. രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കമ്മ്യൂണിസ്റ്റുകാര്‍ സാന്ത്വന പരിചരണ രംഗത്ത്‌ പ്രവര്‍ത്തിച്ചതായി കാണാന്‍ കഴിയും.

അതുകൊണ്ട്‌ തന്നെയാണ്‌ ഇന്നും അപകടത്തില്‍ പെട്ടാലും മാറാരോഗം വന്നാലും, രക്തം ആവശ്യമായി വന്നാലും സഹായത്തിനായി പാര്‍ട്ടി ഓഫീസുകളിലേക്ക്‌ വരാന്‍ ആളുകള്‍ മനസ്സ്‌ കാണിക്കുന്നത്‌. അത്‌ പാര്‍ട്ടിയിലുള്ള വിശ്വാസത്തിന്റെയും പ്രവര്‍ത്തകരുടെ ആത്മാര്‍ത്ഥതയോടെയുള്ള പ്രവര്‍ത്തനത്തിന്റെയും ഫലമാണ്‌. എല്ലാ തരത്തിലുമുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായി തന്നെ കാണണം. കീഴ്പള്ളിയിലെ പാര്‍ട്ടിയുടെ വെളിമാനം ബ്രാഞ്ച്‌ സെക്രട്ടറി സ:ഇടിയന്‍ പ്ലാക്കല്‍ ജോര്‍ജ്ജിന്റെ പ്രവര്‍ത്തനം അടുത്ത കാലത്ത്‌ നമ്മള്‍ കണ്ടതാണ്‌. പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളിയിലുള്ള ഫാദര്‍ അബ്രഹാം ഉമ്മന്‌ (തിരുവല്ല) കിഡ്നി സ്വമനസ്സാലെ ദാനം നല്‍കി കൊണ്ടാണ്‌ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത്‌. ദുരിതമനുഭവിക്കുന്നതിന്റെ അരികിലേക്ക്‌ സാന്ത്വനമേകാന്‍ ആശ്വാസത്തിന്റെ കൈതാങ്ങുമായി എത്താന്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായി തന്നെ കഴിയുമ്പോഴാണ്‌ ജനങ്ങള്‍ക്ക്‌ പാര്‍ട്ടിയില്‍ വിശ്വാസവും അംഗീകാരവും അഭിമാനവും ഉണ്ടാവുന്നത്‌. 

ശുശ്രൂഷയുടെ ഭാഗമായി രോഗം വന്ന്‌ മരിച്ച കമ്മ്യൂണിസ്റ്റ്‌ പ്രവര്‍ത്തകരുടെ കഥകള്‍ ഓര്‍മ്മയില്‍ ഇന്നും ഉണ്ട്‌. സമാനതകളില്ലാത്ത ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ്‌ പാര്‍ട്ടിപ്രവര്‍ത്തകന്മാര്‍ക്ക്‌ നാട്ടിലെ ജനങ്ങള്‍ക്കാകെ നല്‍കാന്‍ കഴിയുക. കാരണം മറ്റൊരു പ്രസ്ഥാനത്തിനും കഴിയാത്ത നിലയിലുള്ള സേവന സന്നദ്ധതയുടെ മനുഷ്യവിഭവശേഷി പാര്‍ട്ടിക്കുണ്ട്‌. അതുകൊണ്ടാണ്‌ യു.ഡി.എഫ്‌ നേതാവ്‌ ഗൗരിയമ്മ സിപിഎമ്മിന്‌ മാത്രമേ സാന്ത്വന രംഗത്ത്‌ ഫലപ്രദമായി പ്രവര്‍ത്തിക്കാനാവൂ എന്ന്‌ ഈയിടെ പ്രസ്താവിച്ചത്‌. നാനാവിഭാഗം ജനങ്ങളുടെ പ്രശ്നങ്ങള്‍ ഏറ്റെടുത്തു പ്രക്ഷോപങ്ങളും സമരങ്ങളും സംഘടിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ തന്നെ സാന്ത്വന പരിപാലന പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടി വളണ്ടിയര്‍മാര്‍ ഏര്‍പ്പെടണമെന്നാണ്‌ സിപിഐ(എം) തീരുമാനിച്ചിട്ടുള്ളത്‌. അതിനാണ്‌ ഇനീഷ്യേറ്റീവ്‌ ഫോര്‍ റിഹാബിലിറ്റേഷന്‍ ആന്റ്‌ പാലിയേറ്റീവ്‌ കീയര്‍ (ഐ.ആര്‍.പി.സി.) എന്ന സംഘടന രൂപീകരിച്ചത്‌.

രോഗം ശമിപ്പിക്കാനുള്ള ചികിത്സ മാത്രമേ വൈദ്യശാസ്ത്രത്തിന്‌ നല്‍കാന്‍ കഴിയൂ. എന്നാല്‍ മരുന്നും ചികിത്സയും നിഷ്ഫലമാകുന്ന ഘട്ടങ്ങള്‍ രോഗികള്‍ക്ക്‌ ഉണ്ടാകും. അങ്ങിനെയുള്ള രോഗികള്‍ വേദന തിന്നാണ്‌ മരണത്തിലേക്ക്‌ നീങ്ങുന്നത്‌. ഒരു മനുഷ്യന്റെ അവസാന ജീവിതകാലം അത്‌ എത്ര ചെറുതായാലും അര്‍ത്ഥപൂര്‍ണ്ണമാക്കാന്‍ ആവശ്യമായ പരിചരണം നല്‍കുക എന്നത്‌ നമ്മുടെ കടമയാണ്‌, ഉത്തരവാദിത്വമാണ്‌. വേദന തിന്ന്‌ മരണത്തിലേക്ക്‌ പോകുന്ന അവസ്ഥയിലുള്ള രോഗികളില്‍ മഹാഭൂരിപക്ഷത്തിനും ശുശ്രൂഷയോ മനസ്സ്‌ ശാന്തമാക്കാനുള്ള പരിചരണമോ ലഭ്യമാകുന്നില്ല. രോഗികള്‍ ഒറ്റപ്പെടുന്ന അവസ്ഥ സംജാതമാകുന്നു. കുടുംബവും ഒറ്റപ്പെടുന്ന അവസ്ഥയുണ്ടാവുന്നു. ഇത്തരം അവസ്ഥ സമൂഹത്തില്‍ ഉണ്ടാവുന്നത്‌ പരിഷ്കൃത സമൂഹത്തിന്‌ ഭൂഷണമല്ല. രോഗം വരുന്നത്‌ രോഗിയുടെ ശാപമല്ല. അസുഖം വന്നാല്‍ ചികിത്സ കിട്ടുക, സാന്ത്വന പരിചരണം ലഭ്യമാവുക എന്നത്‌ രോഗിയുടെ അവകാശമാണ്‌ സമൂഹത്തിന്റെ ബാധ്യതയുമാണ്‌.അതാണ്‌ കഞ്ഞജഇവളണ്ടിയര്‍മാര്‍ നിര്‍വ്വഹിക്കുന്നത്‌.

ആഗോള വത്കരണ കാലഘട്ടത്തില്‍ ഭരണകൂടങ്ങളുടെ വിമുഖതയും നവലിബറല്‍ നയങ്ങളുടെ ഭാഗമായുള്ള പരിഷ്കാരങ്ങളും കമ്പോളവത്കരണവുമടക്കം പലകാരണങ്ങളാലും മനുഷ്യന്‌ ലഭിക്കേണ്ട �അല്‍മ-അത്തറിലെ�പ്രഖ്യാപനങ്ങള്‍ ജലരേഖയായി മാറുകയാണ്‌. ജീവിതാന്ത്യത്തില്‍ കഠിന ദുരിതമനുഭിക്കുന്ന രോഗികളുടെ ജീവിതം കുറേകൂടി മെച്ചപ്പെട്ടതാക്കാന്‍ ശാസ്ത്രവും മനുഷ്യസ്നേഹവും ഒത്തുചേരുന്ന ഒരു രീതി സമ്പ്രദായം പടുത്തുയര്‍ത്താന്‍ നമുക്ക്‌ കഴിയണം. അതിനാല്‍ ഐആര്‍പിസിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ എല്ലാ മനുഷ്യസ്നേഹികളുടെയും സഹായസഹകരണങ്ങള്‍ നല്‍കണമെന്ന്‌ അഭ്യര്‍ത്ഥിക്കുന്നു.

പി ജയരാജന്‍