കണ്ണൂര്‍: ശയ്യാവ്രണം ബാധിച്ച്‌ ചോരയൊലിക്കുന്ന പുറം, ശസ്ത്രക്രിയ ചെയ്ത മാറിടത്തിലെ മുറിവുണങ്ങാതെ രൂപപ്പെട്ട വേദനിക്കുന്ന മുഴ, നീരുവന്നു വിങ്ങിയ വലംകൈ, ചുണ്ടനക്കുന്നത്‌ കരയാന്‍ മാത്രം. ശ്രീകണ്ഠപുരം കാഞ്ഞിലേരിയിലെ അനിതയെന്ന മുപ്പത്തിനാലുകാരിയുടേത്‌ കണ്ടുനില്‍ക്കാനാകാത്ത ദുരിതം.

കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ കഴിയുന്ന അനിതയ്ക്ക്‌ സാന്ത്വന പരിചരണ പ്രസ്ഥാനമായ ഐ.ആര്‍.പി.സി.യുടെ വക എയര്‍ബെഡ്‌ കൈമാറാനെത്തിയ സി.പി.ഐ.(എം) ജില്ലാ സെക്രട്ടറി പി. ജയരാജന്‍ ഈ ദുരിതക്കിടക്കക്കരികില്‍ വാക്കുകളറ്റ്‌ ഒരു നിമിഷം നിന്നു. പിന്നെ, പതിയെ, നിസ്സഹായാവസ്ഥയിലുള്ള ആ യുവതിയെ സമാശ്വസിപ്പിച്ചു. "എല്ലാം മാറും. പഴയതുപോലെ ഓടിനടന്ന നാളുകള്‍ തിരിച്ചുവരും. ഞങ്ങളെല്ലാം ഒപ്പമുണ്ട്‌". അദ്ദേഹത്തിന്റെ മുഖത്തേക്ക്‌ നിശ്ചലം നോക്കിനിന്ന അനിതയുടെ കണ്ണുകളില്‍ പ്രതീക്ഷാനാളം ഓളംവെട്ടിയപ്പോള്‍ ചുറ്റും കൂടിനിന്നവരുടെ കണ്ണുകളും ഈറനായി. നിസ്വരും നിരാലംബരുമായ സഹജീവികള്‍ക്ക്‌ സഹായവുമായി ഇനീഷ്യേറ്റീവ്‌ ഫോര്‍ റിഹാബിലിറ്റേഷന്‍ ആന്റ്‌ പാലിയേറ്റീവ്‌ കീയറിന്റെ പ്രവര്‍ത്തനങ്ങള്‍ മനുഷ്യത്വത്തിന്റെ പുതിയ അധ്യായം രചിക്കുകയാണ്‌.

കാഞ്ഞിലേരിയിലെ പരേതനായ കുഞ്ഞമ്പുവിന്റെയും ലക്ഷ്മിയുടെയും മകളാണ്‌ അനിത. കൂലിപ്പണിക്കാരനായ പവിത്രനാണ്‌ ഭര്‍ത്താവ്‌. മക്കളില്ല. ആറുമാസം മുമ്പാണ്‌ അനിതയ്ക്ക്‌ സ്തനാര്‍ബുദം പിടിപെട്ടത്‌. കോഴിക്കോട്‌ മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയയില്‍ വലതുമാറിടം നീക്കി. ഈ ഭാഗത്തെ മുറിവുണങ്ങാതെ മുഴയായി രൂപാന്തരം പ്രാപിച്ചതാണ്‌ അനിതയെ ശയ്യാവലംബിയാക്കിയത്‌. വലംകൈ ചലനമറ്റ്‌ ഉയര്‍ത്തിപ്പിടിച്ച നിലയിലായി. കിടക്കയില്‍ നിന്ന്‌ എഴുന്നേല്‍ക്കാനാവാത്ത സ്ഥിതി. എല്ലാ കാര്യങ്ങള്‍ക്കും അമ്മയുടെ സഹായം വേണം. തുടര്‍ച്ചയായ കിടപ്പുമൂലം പുറംപൊട്ടി വ്രണമായി. മലബാര്‍ കാന്‍സര്‍ സെന്ററിലും അല്‍പകാലം ചികിത്സിച്ചു. തുടര്‍ന്ന്‌, വീട്ടിലേക്ക്‌ കൊണ്ടുപോയി. മൂന്നാഴ്ച മുമ്പ്‌ അസുഖം മൂര്‍ഛിച്ചതിനെ തുടര്‍ന്നാണ്‌ ജില്ലാ ആശുപത്രിയിലെത്തിച്ചത്‌.

ഐ.ആര്‍.പി.സി. ജില്ലാ ജോയിന്റ്‌ സെക്രട്ടറിയും സാമൂഹ്യപ്രവര്‍ത്തകനുമായ പി.എം. ഷാജിയാണ്‌ അനിതയ്ക്ക്‌ ആശ്വാസം പകരാന്‍ മുന്നിട്ടിറങ്ങിയത്‌. ഷാജിയില്‍ നിന്ന്‌ വിവരമറിഞ്ഞ്‌ ഒരു മനുഷ്യസ്നേഹി ഐ.ആര്‍.പി.സി. മുഖേന എയര്‍ബെഡ്‌ നല്‍കാന്‍ തയ്യാറായി. ബെഡ്‌ അനിതയ്ക്ക്‌ തെല്ല്‌ ആശ്വാസമായി. ഇനി കീമോതെറാപ്പി ചെയ്യണം. കൗണ്‍സിലിങ്ങ്‌ അടക്കമുള്ള സഹായം ഐ.ആര്‍.പി.സി. നല്‍കും. തുടര്‍ചികിത്സയ്ക്കും മറ്റും സഹായം ലഭ്യമാക്കാനുള്ള ശ്രമത്തിലാണ്‌ സംഘടന. മരുന്ന്‌, വീല്‍ചെയര്‍, വാട്ടര്‍ബെഡ്‌ തുടങ്ങിയ സഹായങ്ങളുമായി നിരാലംബരോഗികളെ ശുശ്രൂഷിക്കാന്‍ നാടൊന്നാകെ കൈകോര്‍ക്കുകയാണ്‌.

ഐ.ആര്‍.പി.സി. ജില്ലാ സെക്രട്ടറി കെ.വി. അഷ്‌റഫ്‌, സി.പി.ഐ.(എം) കണ്ണൂര്‍ ഏരിയാ സെക്രട്ടറി എന്‍. ചന്ദ്രന്‍, പി.എം. ഷാജി, നഗരസഭാ പ്രതിപക്ഷനേതാവ്‌ യു. പുഷ്പരാജ്‌, ആര്‍.എം.ഒ. സന്തോഷ്‌, സാന്ത്വനപരിചരണ പ്രവര്‍ത്തകന്‍ പ്രഭിത്ത്‌, ഒ.എസ്‌. മോളി തുടങ്ങിയവരും ആശുപത്രിയിലെത്തി. സുമനസ്സുകളുടെ അകമഴിഞ്ഞ സഹായത്തിലാണ്‌ അനിതയുടെയും ഭര്‍ത്താവിന്റെയും പ്രതീക്ഷ. ഫോണ്‍: 8606781265