ശ്രീകണ്ഠപുരം: ജീവകാരുണ്യ പ്രസ്ഥാനമായ ഐആര്‍പിസിക്ക് ഒരു രാഷ്ട്രീയവുമില്ലെന്ന് ഉപദേശക സമിതി ചെയര്‍മാന്‍ പി ജയരാജന്‍ പറഞ്ഞു. ഈ പ്രസ്ഥാനത്തിന് രൂപം കൊടുത്തത് സിപിഐ എമ്മാണെങ്കിലും എല്ലാവിഭാഗം രോഗികള്‍ക്കും പരിചരണം നല്‍കുന്നുണ്ട്. എന്നാല്‍ കമ്യൂണിസ്റ്റ് പാര്‍ടി എന്ത് നല്ല കാര്യം ചെയ്താലും ദോഷം കണ്ടെത്തുന്നവരാണ് ഇതില്‍ രാഷ്ട്രീയം കാണുന്നത്. മലപ്പട്ടം മേപ്പറമ്പ് മഞ്ചക്കുഴിയില്‍ ഐആര്‍പിസി പുനരധിവാസ കേന്ദ്രം ശിലാസ്ഥാപന ചടങ്ങില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. സിപിഐ എമ്മിന് സാന്ത്വന പരിചരണത്തില്‍ ഇത്ര താല്‍പര്യമുണ്ടാവാന്‍ കാരണമെന്താണെന്നാണ് ചിലര്‍ ചോദിക്കുന്നത്. 1960ല്‍ യൂറോപ്പില്‍ സാന്ത്വന പരിചരണ പ്രസ്ഥാനം തുടങ്ങുന്നതിന് എത്രയോ മുമ്പ് കമ്യൂണിസ്റ്റ് പാര്‍ടിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ ഇതിന് തുടക്കം കുറിച്ചിരുന്നു. കോളറയും വസൂരിയും പടര്‍ന്നുപിടിച്ചപ്പോള്‍ രോഗികളെ പരിചരിക്കാനും മരിച്ചവരെ സംസ്കരിക്കാനും മുന്നിട്ടിറങ്ങണമെന്ന് പാര്‍ടി സെക്രട്ടറിയായിരുന്ന പി കൃഷ്ണപിള്ള സര്‍ക്കുലര്‍ ഇറക്കിയിരുന്നു. നൂറുകണക്കിന് പാര്‍ടി പ്രവര്‍ത്തകരാണ് അന്ന് പരിചരണത്തിന് രംഗത്തിറങ്ങിയത്. കൃഷ്ണപിള്ള കാട്ടിയ അതേ വഴിയിലൂടെയാണ് പാര്‍ടി സഞ്ചരിക്കുന്നത്. ഇത്തരം ജനസേവന പ്രവര്‍ത്തനങ്ങളിലൂടെയാണ് കമ്യൂണിസ്റ്റ് പാര്‍ടി കേരളത്തിലെ ജനങ്ങളുടെ മനസ്സിലിടം നേടിയത്. സാന്ത്വന പരിചരണം നേടിയ വളണ്ടിയര്‍മാര്‍ മാത്രമല്ല, ജില്ലയിലെ ഡോക്ടര്‍മാര്‍, നേഴ്സുമാര്‍ തുടങ്ങിയവരുടെ സേവനവും ഈ പ്രസ്ഥാനത്തിന് ലഭിക്കുന്നുണ്ട്. മദ്യത്തിനും മയക്കുമരുന്നിനും അടിപ്പെട്ടവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനുള്ള മദ്യാസക്തി വിമുക്ത കേന്ദ്രം പുനരധിവാസ കേന്ദ്രത്തില്‍ സ്ഥാപിക്കണമെന്ന നിര്‍ദേശവും ഉയര്‍ന്നുവന്നിട്ടുണ്ട്. ജനങ്ങളുടെ സഹകരണത്തോടെ ഇത് തുടങ്ങാനാവുമെന്നാണ് പ്രതീക്ഷയെന്നും ജയരാജന്‍ പറഞ്ഞു.