ശരീരവും മനസ്സും രോഗം കാര്‍ന്നുതിന്നുന്നവര്‍ക്ക്‌ കൈത്താങ്ങാവാന്‍ ഇനീഷ്യേറ്റീവ്‌ ഫോര്‍ റിഹാബിലിറ്റേഷന്‍ ആന്‍ഡ്‌ പാലിയേറ്റീവ്‌ കീയര്‍ സാന്ത്വന ചികിത്സാദിനത്തില്‍ പ്രവര്‍ത്തനം തുടങ്ങി. രോഗത്തിന്‌ മുന്നില്‍ ജീവിതം കൊട്ടിയടക്കപ്പെട്ടവര്‍ക്ക്‌ സാന്ത്വനത്തിന്റെ വാതായനങ്ങള്‍ തുറന്നാണ്‌ പാലിയേറ്റീവ്‌ ദിനത്തില്‍ ഐആര്‍പിസി പ്രവര്‍ത്തനത്തിന്‌ തുടക്കമിട്ടത്‌. ആശുപത്രികളില്‍ വീല്‍ചെയറുകള്‍ നല്‍കിയും അശരണരായ രോഗികള്‍ക്ക്‌ ഭക്ഷണവും ബെഡ്ഷീറ്റുകളും വിതരണം ചെയ്തും സാന്ത്വനസ്പര്‍ശത്തിന്‌ മികച്ച തുടക്കം. ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും ഐആര്‍പിസി പ്രവര്‍ത്തകര്‍ വീടുകള്‍ സന്ദര്‍ശിച്ചു. ഉദ്ഘാടന പരിപാടിയില്‍ ആതുരസേവകരും ജനപ്രതിനിധികളും ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ പങ്കാളികളായി. മാറാരോഗം ബാധിച്ച്‌ കിടപ്പിലായവര്‍ക്ക്‌ സാന്ത്വനപരിചരണം ഉള്‍പ്പെടെ എത്തിക്കുകയാണ്‌ ഐആര്‍പിസിയുടെ കര്‍മ്മപരിപാടി. രോഗികള്‍ക്ക്‌ കൗണ്‍സലിങ്ങും പരിചരണവും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക്‌ മരുന്നും ചികിത്സാ സഹായവും ഉറപ്പാക്കും. പരിപാടിയുടെ ഭാഗമായി ജില്ലാ ആശുപത്രിയില്‍ രോഗികള്‍ക്കായി മൂന്ന്‌ വീല്‍ചെയറുകള്‍ നല്‍കി. ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.എ. സരള നിര്‍വ്വഹിച്ചു. ആശുത്രിക്കുള്ള വീല്‍ചെയറുകള്‍ ആര്‍.എം.ഒ. സന്തോഷിന്‌ കൈമാറി. ഡി.എം.ഒ. ആര്‍. രമേഷ്‌ മുഖ്യപ്രഭാഷണം നടത്തി. ഐആര്‍പിസി ജില്ലാസെക്രട്ടറി കെ.വി. അഷ്‌റഫ്‌ അധ്യക്ഷനായി. എന്‍. ചന്ദ്രന്‍, ടി.വി. ബാലന്‍, ഡോ. രാജേഷ്‌ എന്നിവര്‍ സംസാരിച്ചു. പി.എം. സാജിദ്‌ സ്വാഗതവും യു. പുഷ്പരാജ്‌ നന്ദിയും പറഞ്ഞു. ചുഴലിയില്‍ നടന്ന പരിപാടിയില്‍ ഓട്ടോറിക്ഷ അപകടത്തില്‍ കാല്‌ നഷ്ടപ്പെട്ട പി.വി. മനോഹരന്‌ സി.പി.ഐ.എം ജില്ലാ സെക്രട്ടറി പി. ജയരാജന്‍ വീട്ടിലെത്തി വീല്‍ചെയര്‍ നല്‍കി. ഉദ്ഘാടന ചടങ്ങില്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. മിനേഷ്‌ അധ്യക്ഷനായി. വളണ്ടിയര്‍മാര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ്‌ വിതരണം പ്രശസ്ത ചിത്രകാരന്‍ എബി എന്‍. ജോസഫ്‌ പി.വി. രാജേഷിന്‌ നല്‍കി നിര്‍വ്വഹിച്ചു. ഐആര്‍പി.സി. ജില്ലാ സെക്രട്ടറി കെ.വി. അഷ്‌റഫ്‌, എം. വേലായുധന്‍, പി. പ്രകാശന്‍, കെ.കെ. ബാലകൃഷ്ണന്‍, കെ.പി. രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.