സാന്ത്വന പരിചരണരംഗത്തെ കണ്ണൂർ മാതൃക ഏവരുടയും ശ്രദ്ധ പിടിച്ചുപറ്റുന്നതാണ്. സിപിഐഎം സംസ്ഥാന കമ്മിറ്റിയുടെ തീരുമാന പ്രകാരം സാന്ത്വന പ്രവർത്തനം തുടങ്ങാൻ തീരുമാനിച്ചപ്പോൾ കണ്ണൂർ ജില്ലയിൽ മാതൃകപാരമായ നിരവധി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാൻ സാധിച്ചു.  2012 ൽ രൂപീകരിച്ച് സാന്ത്വനപരിചരണം, പുനരധിവാസ പ്രവർത്തനം ഉൾെപ്പടെയുളള എല്ലാവിധ ജീവകാരുണ്യ പ്രവർത്തനങ്ങളും ഏറ്റെടുത്ത് നടത്തുന്നു. പ്രതിഫലേച്ഛയില്ലാതെ പ്രവർത്തിക്കുന്ന 3500 ഓളം വരുന്ന വളണ്ടിയർമാരുളള ഹോംകെയർ ടീമാണ് ഐആർപിസിയുടെ ശക്തി. ജില്ലാതലത്തിൽ ഗവേണിങ് ബോഡിയും ഉപദേശകസമിതിയും ജില്ലയിലാകെ 18 സോണൽതല കമ്മിറ്റികൾ, തദ്ദേശഭരണതല കമ്മിറ്റികൾ, 215 പ്രാദേശികതല ഗ്രൂപ്പുകൾ എന്നിവയും പ്രവർത്തിക്കുന്നുണ്ട്.

കിടപ്പിലായവർക്കും ആരോരും തിരിഞ്ഞു നോക്കാതെ ഒറ്റപ്പെട്ടവർക്കും ആശ്വാസമായാണ് ഐആർപിസി പ്രവർത്തകർ രംഗത്തിറങ്ങുന്നത്. കഴിഞ്ഞ പാലിയേറ്റീവ് ദിനത്തിൽ പതിനായിരത്തോളം കിടപ്പിലായ രോഗികൾക്കാണ് വളണ്ടിയർമാർ വീടുകൾ കയറി സാന്ത്വനം നൽകിയത്. 18 സോണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ 207 പ്രാദേശിക ഗ്രൂിലെ പ്രവർത്തകർ സർവ്വേയിൽ കണ്ടെത്തിയ 10867 വീടുകളാണ് ഇവർ സന്ദർശിച്ചത്.

ഐആർപിസി പ്രവർത്തകർക്കൊപ്പം ഡോക്ടർമാർ, നഴ്‌സുമാർ, രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രവർത്തകർ തുടങ്ങിയവരും വീടുകളിലെത്തി. പരിശീലനം ലഭിച്ച മൂവായിരത്തോളം വളണ്ടിയർമാരാണ് രോഗീ പരിചരണത്തിന് നേതൃത്വം നൽകുന്നത്. എല്ലാ വർഷവും കൃഷ്ണപിള്ള ദിനത്തിലും പാലിയേറ്റീവ് ദിനത്തിലും വീടുകൾ കയറി രോഗീ പരിചരണം നൽകാറുണ്ട്. കൂടാതെ ആഴ്ചയിൽ ഒരു ദിവസംമിക്കവാറും വീടുകൾ കയറി പരിചരണം നൽകുന്നതും പതിവാണ്. ഒരു പരിഷ്‌കൃത സമൂഹത്തിൽ സർക്കാരിനോ സർക്കാർ ഏജൻസികൾക്കോ ചെയ്യാൻ സാധിക്കാത്ത നിരവധി പ്രവർത്തനങ്ങളാണ് ഐആർപിസിയുടെ വളണ്ടിയർമാർ ഏറ്റെടുത്ത് നടത്തുന്നത്.

കണ്ണൂർ തയ്യിൽ പ്രദേശത്ത് പ്രവർത്തിക്കുന്ന സാന്ത്വന കേന്ദ്രത്തിൽ നിരവധിയാളുകളാണ് എത്തിച്ചേരുന്നത്. ഇതിന്റെ പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി അമ്പത് പേർക്ക് കൂടി താമസിക്കാനുള്ള സൗകര്യം ഫിബ്രവരി 1ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും. ഫിസിയോതെറാപ്പി ഉൾെപ്പടെ എല്ലാവിധ ആധുനിക സംവിധാനങ്ങളും തികച്ചും സൗജന്യമായി നൽകിവരികയാണ്.ഫിസിയോ തെറാപ്പി നടത്താൻ കേന്ദ്രത്തിലേക്ക് വരാൻ സാധിക്കാത്തവർക്ക് വീടുകളിലെത്തി ഫിസിയോ തെറാപ്പി നൽകുകയും ചെയ്യുന്നു. ജനങ്ങളിൽ നിന്ന് ശേഖരിക്കുന്ന സഹായം മാത്രമാണ് ഐആർപിസിയുട മൂലധനം. വായനശാലകളിലും സാംസ്‌കാരിക സ്ഥാപനങ്ങളിലും വ്യാപാരസ്ഥാപനങ്ങളിലും സ്ഥാപിച്ച ഹുണ്ടികാ ബോക്‌സിൽ ജനങ്ങളിടുന്ന നാണയ തുട്ടുകളാണ് പ്രവർത്തനത്തിന് വേണ്ടി ഉപയോഗിക്കുന്നത്. പല സ്ഥാപനങ്ങളും വ്യക്തികളും ഐആർപിസിയുടെ പ്രവർത്തനം കണ്ട് സാമ്പത്തിക സഹായം നൽകാൻ മുന്നോട്ട് വന്നിട്ടുണ്ട്. സാന്ത്വനം ആവശ്യമുള്ള ആർക്കും അത് നൽകുക എന്നതാണ് നമ്മുടെ ലക്ഷ്യം. അതിൽ രാഷ്ട്രീയമോ മതമോ ഞങ്ങൾ നോക്കാറില്ല. ആറളം ഫാമിലെ ആദിവാസികൾക്കുള്ള മെഡിക്കൽ കേമ്പ്, കാൻസർ വിമുക്ത കണ്ണൂരിന് വേണ്ടിയുള്ള പ്രവർത്തനം, ശബരിമല തീർത്ഥാടകർക്ക് വേണ്ടിയുള്ള സേവന കേന്ദ്രം, കണ്ണൂരിൽ ആർമി റിക്രൂട്ട്‌മെൻറ് നടന്നാേൾ ഉണ്ടാക്കിയ ഹെൽപ്പ് ഡസ്‌ക് എന്നിവയെല്ലാം ഐആർപിസിയുടെ ചില പ്രവർത്തനങ്ങളാണ്. ഏഷ്യയിലെ ഏറ്റവും വലിയ മഹോൽസവം കണ്ണൂരിൽ നടക്കുമ്പോൾ ഇവിടെയെത്തിയ ആയിരക്കണക്കിനാളുകൾക്കും സഹായം നൽകുന്നതിനും നമ്മുടെ പവർത്തകർ മുൻപന്തിയിലുണ്ടായിരുന്നു. അതിനിടെയാണ് പൊടുന്നനെ ഹർത്താൽ പ്രഖ്യാപിച്ചത്. ഭക്ഷണം കിട്ടാതെ വലഞ്ഞ മൂവായിരത്തിലധികം പേർക്ക് ഉച്ചക്കഞ്ഞിയും വെജിറ്റബിൾ ബിരിയാണിയുമാണ് ഐആർപിസി പവലിയനിൽ ലഭ്യമാക്കിയത്. 

കേരളമാകെ പടർന്ന് പന്തലിക്കാൻ പോകുന്ന ഈ മഹാ പ്രസ്ഥാനത്തിന്റെ കണ്ണൂരിലെ പ്രവർത്തനങ്ങളെ സഹായിക്കാൻ നിങ്ങളെപ്പോഴും ഉണ്ടാകുമെന്ന പ്രതീക്ഷയാണ് പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ നമ്മെ പ്രേരിപ്പിക്കുന്നത്.  മലബാറിലും തിരുവിതാംകൂറിലും നവോത്ഥാനത്തിന്റെ കൊടി ഉയർത്തിയ വാഗ്ഭടാനന്ദന്റെ ആഹ്വാനമാണ് ഞങ്ങളെയും നയിച്ചുകൊണ്ടിരിക്കുന്നത്. 'ഉണരുവിൻ ക്ഷണമെഴുന്നേൽപിൻ അനീതിയോട് എതിർപ്പിൻ' പുതിയതലമുറയോട് ഇതു തന്നെയാണ് നമുക്കും പറയാനുള്ളത്.

പി. ജയരാജൻ