കനത്ത മഴയെത്തുടർന്നുണ്ടായ ഉരുൾപൊട്ടലും മണ്ണിടിച്ചിലും മൂലം ഇരിട്ടി, കൊട്ടിയൂർ മേഖലകളിലെ നൂറുകണക്കിന് വീടുകൾക്കാണ് കേടുപാടുകൾ സംഭവിച്ചത്. നിരവധി വീടുകൾ പൂർണ്ണമായും നശിച്ചുപോവുകയും ചെയ്തു. ഐആർപിസിയുടെയും ഡിവൈഎഫ്ഐയുടെയും പ്രവർത്തകർ മണ്ണും ചെളിയും മറ്റും കയറിയ വീടുകൾ ശുചീകരിക്കുകയുണ്ടായി. നാനൂറിലധികം പ്രവർത്തർ ആഗസ്ത് 26ന് ശുചീകരണപ്രവർത്തനങ്ങൾക്കിറങ്ങി. 22 വീടുകൾ ശുചീകരിച്ചു.

വെള്ളം കയറി നശിച്ചുകിടന്ന മാരാമൺ റിട്രീറ്റ് സെന്റർ കണ്ണൂർ ഐആർപിസി (ഇനിഷിയേറ്റീവ് ഫോർ റിഹാബിലിറ്റേഷൻ ആൻഡ് പാലിയേറ്റീവ് കെയർ) പ്രവർത്തകരും ഡിവൈഎഫ്ഐ പ്രവർത്തകരും ശുചീകരിച്ചു. 100 ഓളം വളന്റിയർമാരാണ് ശുചീകരണം നടത്തിയത്.
 
സിപിഐ എം പ്രവർത്തകരുടെ നേതൃത്വത്തിലുള്ള കണ്ണൂർ ഐആർപിസി പ്രവർത്തകർ ശുചീകരണത്തിനാവശ്യമായ ഉപകരണങ്ങളുമായാണ് എത്തിയത്. പാലിയേറ്റിവ് കണ്ണൂർ ജില്ലാ ഗവേണിങ് കമ്മിറ്റി അംഗം എ കൃഷ്ണന്റെ നേതൃത്വത്തിൽ എൻജിനീയർ അനീഷ് നാരായണൻ, ഇലക്ട്രീഷ്യൻ വി കെ രാധേഷ്, നേഴ്സിങ് സ്റ്റാഫ് ആഷിഷ് അടക്കമുള്ള സംഘം ഞായറാഴ്ച ഉച്ചക്കാണ് പത്തനംതിട്ടയിലേയ്ക്ക് തിരിച്ചത്. 
 
ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് എം വി സഞ്ജു, ബ്ലോക്ക് സെക്രട്ടറി ബിജിലി പി ഈശോ, സുബീഷ്കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.
തിരുവനന്തപുരം ജില്ലയിൽനിന്നെത്തിയ വനിത വളന്റിയർമാർ കോഴഞ്ചേരിയിലെ വിവിധ പ്രദേശങ്ങളിൽ ശുചീകരണം നടത്തി. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ഐ പി ബിനു, ആർ ശ്യാമ, കവിത തുടങ്ങിയവർ നേതൃത്വം നൽകി.

ഐആർപിസി യുടെയും തലശേരി സഹകരണ ആശുപത്രിയുടേയും സംയുക്താഭിമുഖ്യത്തിൽ കൊട്ടിയൂരിൽ സംഘടിപ്പിച്ച മെഗാ മെഡിക്കൽ ക്യാമ്പ് ഉപദേശക സമിതി ചെയർമാൻ ശ്രീ. പി.ജയരാജൻ ഉദ്‌ഘാടനം ചെയ്തു.

സാന്ത്വന പരിചരണ രംഗത്ത് പ്രവർത്തിക്കുന്ന കണ്ണൂരിലെ ഐ.ആർ.പി.സി ലഹരി വിമുക്ത ക്യാമ്പയിൻ സംഘടിപ്പിക്കുന്നു. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം സമൂഹത്തിൽ ആശങ്കജനകമാംവിധം വർദ്ധിച്ച് വരികയാണ്. യുവാക്കളെയും കൗമാര പ്രായക്കാരെയും ലഹരി വസ്തുക്കളിലേക്ക് ആകർഷിക്കപ്പെടുന്നതിന് പുതിയതരം ലഹരി പദാർത്ഥങ്ങൾ കമ്പോളത്തിൽ വന്നുകൊണ്ടിരിക്കുകയാണ്. വ്യക്തികളെയും, കുടുംബങ്ങളെയും സമൂഹത്തെയും നശിപ്പിക്കുന്ന ഈ സാമൂഹ്യ വിപത്തിനെതിരെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. ലഹരി ഉപയോഗത്തിനെതിരെ വിപുലമായ പ്രചാരണ പരിപാടികളാണ് ഐ.ആർ.പി.സി നടത്താൻ ഉദ്ദേശിക്കുന്നത്. ഡോക്ടർമാർ ഉൾപ്പെടെയുള്ള വിദഗ്ദരാണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്.  

ഇതിന്റെ ഭാഗമായി ഗ്രാമ പഞ്ചായത്ത്/മുൻസിപ്പൽ/കോർപ്പറേഷൻ തലത്തിൽ മെയ് 21 മുതൽ 27 വരെ ഒരാഴ്ചക്കാലം നീണ്ട്‌നിൽക്കുന്ന ബോധവൽക്കരണ ക്ലാസും അനുബന്ധ പരിപാടികളുമാണ് ആദ്യഘട്ടത്തിൽ സംഘടിപ്പിക്കുന്നത്. ഇതിന്റെ ജില്ലാതല ഉദ്ഘാടനം മെയ് 21 ന് ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് ബഹു. കേരള സഹകരണ, ദേവസ്വം വകുപ്പ് മന്ത്രി ശ്രീ. കടകംപള്ളി സുരേന്ദ്രൻ നിർവ്വഹിക്കും. കണ്ണൂർ ഗവ:വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന പ്രസ്തുത പരിപാടിയിൽ ഐ.ആർ.പി.സി ജില്ലാ ഉപദേശക സമിതി ചെയർമാൻ ശ്രീ. പി. ജയരാജൻ അദ്ധ്യക്ഷത വഹിക്കും. 

മെയ് 21 ന് ജില്ലയിലെ പെരിങ്ങോം-വയക്കര, പട്ടുവം, പാപ്പിനിശ്ശേരി, മയ്യിൽ  ചെമ്പിലോട്, പെരളശ്ശേരി, പിണറായി, കൊട്ടിയൂർ, പേരാവൂർ എന്നീ ഗ്രാമ പഞ്ചായത്തുകളിലും, ശ്രീകണ്ഠപുരം, ഇരിട്ടി, കൂത്തുപറമ്പ്, പാനൂർ, പയ്യന്നൂർ എന്നീ മുൻസിപ്പാലിറ്റികളിലും ബോധവൽക്കരണ ക്ലാസ് നടക്കും.

ലഹരിക്കെതിരായി ഐ.ആർ.പി.സി നടത്തുന്ന ഈ ക്യാമ്പയിനിൽ മുഴുവൻ ആളുകളും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.